അഭിലാഷ് സാർ : എന്റെ ആദ്യത്തെ ഇന്റർവ്യൂ

നമ്മുടെ ബ്ളോഗിൽ കൊടുക്കാൻ ഒരു ഇന്റർവ്യൂ വേണം മൂന്ന് വർഷം മുമ്പാണ് അഭിലാഷ് സാറിന് ആദ്യമായി ഞാൻ ഒരു മെയിൽ അയച്ചത് . പ്രസിഡന്റിന്റെ മെഡൽ വാങ്ങി മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സമയമാണ് എന്ന് ഓർക്കണം. മറുപടി അയക്കും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല . പക്ഷേ എന്നെ ശരിക്കും ഞെട്ടിച്ച് അദ്ദേഹം ആ മെയിലിന് മറുപടി അയച്ചു. ചോദ്യങ്ങൾ ഒരുമിച്ച് മെയിൽ ചെയ്തു തരാൻ അദ്ദേഹം ഒരു മടിയും കൂടാതെ പറഞ്ഞു. കുറച്ചു എഴുതാൻ ആഗ്രഹിക്കുന്ന ആളെന്ന നിലയിൽ വാലിഡേഷൻ തോന്നിയ ജീവിതത്തിലെ ആദ്യ നിമിഷം.

അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റ് ഏതൊരു ആളാണെങ്കിലും എന്നെ പോലൊരാളുടെ മെയിൽ തിരക്കുകളുടെ പേരിൽ ഒരു മറുപടി പോലും തരാതെ ഒഴിവാക്കാമായിരുന്നു. അദ്ദേഹം അത് ചെയ്തില്ല. അന്ന് അദ്ദേഹത്തിനോട് തോന്നിയ അത്രയും ഒരു ആരാധനയും ബഹുമാനവും എനിക്ക് പിന്നീട് വേറൊരു ആളോടും തോന്നിയിട്ടില്ല.

എന്റെ അന്നത്തെ ഇംഗ്ലീഷാണ് , അദ്ദേഹത്തെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ മാത്രം ഡെപ്ത് ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ മാത്രം അറിവോ അനുഭവ പരിചയമോ ഉണ്ടായിരുന്നില്ലെങ്കിലും ഒരു ആവേശത്തിൽ എങ്ങനെയൊക്കെയോ കുറച്ചു ചോദ്യങ്ങൾ ഞാൻ എഴുതി അയച്ചു കൊടുത്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് മറുപടി ലഭിച്ചു അതും വളരെ വിശദമായി. ഒറ്റയ്ക്ക് ലോകം കീഴടക്കിയ മനുഷ്യൻ ആണെന്ന് ഓർക്കണം. ഇന്ത്യക്കാർ മുഴുവൻ ആരാധനയോടെ കാണുന്ന വ്യക്തി.

പിന്നീട് എന്റെ ജോലി സംബന്ധമായ കാര്യങ്ങൾ ഒക്കെ അദ്ദേഹം ചോദിച്ചു. വിജയം നേടും വരെ പരിശ്രമം തുടരണം എന്നൊക്കെ സ്നേഹത്തോടെ ഉപദേശിച്ചു. അദ്ദേഹം എനിക്ക് തന്ന മറുപടികളിൽ നിന്നും അദ്ദേഹത്തിന്റെ ഊഷ്മളത നിറഞ്ഞു നിന്ന പെരുമാറ്റത്തിൽ നിന്നും അദ്ദേഹം നേടിയ വിജയങ്ങളേക്കാളുപരി അഭിലാഷ് സാർ എത്ര വലിയ വ്യക്തിത്വം ഉള്ള ആളാണെന്ന് ബോധ്യമായി.

അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പൂർണമായും മനസിലാക്കാൻ നമ്മൾ മലയാളികൾക്ക് കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പത്ത് പേര് ഷെയർ ചെയ്താലും ഇൻസ്റ്റാഗ്രാമിൽ നൂറു ഫോളേവേഴ്സിനെ കിട്ടിയാലും സെലിബ്രിറ്റികൾ ആണെന്ന മട്ടിൽ ജീവിക്കുന്ന ആളുകൾ ഉള്ള കാലത്താണ് ഇതിഹാസം സൃഷ്ടിച്ച ഒരു മനുഷ്യൻ ഇത്രയും സ്നേഹത്തോടെയും , സൗഹാർദ്ദ പൂർണമായും മറ്റുള്ളവരോട് ഇടപെടുന്നത് എന്ന് ഓർക്കുക.

രണ്ടാമത്തെ യാത്ര പുറപ്പെടും മുമ്പ് വരെ അദ്ദേഹവുമായുള്ള സൗഹൃദം കാത്ത് സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു . വല്ലപ്പോഴുമൊക്കെ മറക്കാതെ മറുപടികളും , അദ്ദേഹം നൽകിയിരുന്നു. അഭിലാഷ് സാർ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥനയോടെ…

അന്നത്തെ ഇന്റർവ്യൂ സമയം ഉള്ള ആളുകൾ തീർച്ചയായും വായിക്കുക.

Interview With Abhilash Tommy

Advertisements

Comments are closed.

WordPress.com.

Up ↑

%d bloggers like this: