ശബരിമല പ്രവേശനം : ഫെമിനിസ്റ്റുകളുടെ പിടിവാശിയോ ?

ഏറ്റവും കൂടുതൽ വിചിത്രമായി തോന്നുന്നത് ജെനുയിൻ ആയി ശബരി മലയിൽ പോകണം എന്ന് പറയുന്ന ഒരാളെ പോലും കാണാൻ കഴിയുന്നില്ല എന്നതാണ്. ആരാധനാലയങ്ങൾ പബ്ളിക് സ്പേസാണ് , ജനുയിനിറ്റി അളക്കാനുള്ള മീറ്റർ എന്റെ കൈവശമില്ല എന്ന വാദങ്ങൾ ശരിയാണെങ്കിൽ പോലും

ശബരിമലയിൽ പോവാൻ കഴിയാത്ത വേദനയിൽ ജീവിതം തള്ളി നീക്കിയ , ഒരു സ്ത്രീയെപ്പറ്റി ഒരു സിനിമയിലോ , നാടകത്തിലോ , ചെറുകഥയിലോ എങ്കിലും പരാമർശം ഉള്ളതായി കേട്ടുകേൾവി ഇല്ല മറിച്ച് പുരുഷന്മാരെ ഭക്തിപൂർവ്വം മലയ്ക്ക് പറഞ്ഞ് അയക്കുന്ന സ്ത്രീകളെ സിനിമകളിൽ പോലും കാണാൻ കഴിയും എന്തുകൊണ്ട് ഇത്രയും ലിബറൽ ആയി ചിന്തിക്കുന്ന കലാകാരുള്ള ഒരു നാട്ടിൽ ഇതിനെപ്പറ്റി ഒരു ജെനുയിൻ ആയ പരാമർശം ഇതുവരെ ഉണ്ടായില്ല . കാരണം ശബരിമലയിലെ വിശ്വാസങ്ങൾ അങ്ങനെയായിരുന്നു മതവിശ്വാസങ്ങളിലെ ശരികൾ എപ്പോഴും യുക്തിബോധത്തിന് നിരക്കുന്നതാവണം എന്ന് വാശിപിടിച്ചിട്ട് കാര്യമില്ല.

ശബരിമല വിധിയെ സ്വവർഗാനുരാഗം അനുകൂലമാക്കിയ ചരിത്രപരമായ കോടതിവിധിയുമായി താരതമ്യപ്പെടുത്തുന്നവർ ഒന്നോർക്കുക . അത് ആഗ്രഹിക്കുന്ന ഒരു പൊതുബോധം , ഒരു ന്യൂനപക്ഷസമൂഹം , നിരവധി ആളുകൾ വർഷങ്ങൾ കൊണ്ട് നടത്തിയ നിരന്തരമായ ഇടപെടൽ , ബോധവത്കരണം , സമരങ്ങൾ എന്നിവ കൊണ്ടാണ് അത് നേടിയെടുത്തത് അല്ലാതെ വെറും ഒരു കോടതി വിധിയുടെ പേരിൽ ആരും തുനിഞ്ഞിറങ്ങിയതല്ല.

ഇനി ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നവരാകട്ടെ നിരീശ്വവരവാദികൾ , ഫെമിനിസ്റ്റുകൾ , കമ്യൂണിസ്റ്റുകാർ . അതായത്

1. വർഷങ്ങളായി തുടർന്ന് പോരുന്ന

2. ആരേയുംഫിസിക്കലി വേദനിപ്പിക്കാത്ത

3. വിശ്വാസി സമൂഹത്തിന്റെ പൊതുവായ ആവശ്യം പോലുമല്ലാത്ത

ഒരു ആചാരം വെറുതെ ലംഘിച്ച് ചരിത്രം തിരുത്തി കുറിക്കണം. കുറേ അവിശ്വാസികളുടെ പിടിവാശിക്ക് മുൻപിൽ തോറ്റ് കൊടുക്കാൻ ഒരു ശരാശരി ഹിന്ദു ആഗ്രഹിക്കാത്തിൽ എങ്ങനെ ആണ് തെറ്റ് പറയാൻ കഴിയുന്നത്. ഇനി ഒരു ശരാശരി വിശ്വാസിയുടെ പക്ഷത്തുകൂടി കൂടി നിന്ന് ചിന്തിക്കാം. അവരുടെ വിശ്വാസം , കുട്ടിക്കാലം മുതൽ അവർ കണ്ട് വളർന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ , അതിന് അവർ നൽകുന്ന അവരുടേതായ വിശദീകരണങ്ങൾ.

അല്ലെങ്കിൽ തന്നെ ഇവിടെ ഏത് മതത്തിന്റെ ആചാരങ്ങളാണ് ശാസ്ത്രീയത അവകാശപ്പെടാൻ കഴിയുന്നത്? ഏത് മെയിൻസ്ട്രീം മതമാണ് സ്ത്രീ വിരുദ്ധമല്ലാത്തത് ?യുക്തിബോധത്തിന്റെ വെളിച്ചത്തിൽ അങ്ങോട്ട് ചിന്തിക്കാൻ തുടങ്ങിയാൽ ഒന്ന് പ്രാർത്ഥിക്കാൻ പോലും പറ്റത്തില്ല.

യുക്തിവാദികളും, കമ്യൂണിസ്റ്റുകാരും ആദ്യം ചെയ്യണ്ടത് ഒറ്റയ്ക്ക്
വിശ്വാസം ലംഘിച്ച് ചരിത്രം തിരുത്താൻ വാശിപിടിക്കാതെ നിരന്തരമായ എഴുത്തിലൂടെയും , ഇടപെടലുകളിലൂടെയും ഇതിലെ ശരി തെറ്റുകൾ മനസിലാക്കി ശബരിമലയിൽ പോകാൻ താത്പര്യം ഉള്ള ഒരു പൊതുബോധം ഉള്ള “വിശ്വാസികളായ ഒരു ചെറിയ സ്ത്രീസമൂഹത്തെ” എങ്കിലും സൃഷ്ടിച്ചെടുക്കുക നിങ്ങൾ ഒരുമിച്ച് മലചവിട്ടി ആദ്യം ചരിത്രം സൃഷ്ടിക്കൂ.
നിങ്ങൾക്കതിന് കഴിവില്ല എങ്കിൽ യുക്തിബോധത്തിന്റെ വെളിച്ചത്തിൽ ഒരു കോടതിവിധി വന്നു എന്ന പേരിൽമാത്രം മതവിശ്വാസങ്ങളെ വെല്ലുവിളിക്കരുത്. അതിന് പാകമായ ഒരു സ്ത്രീ സമൂഹം കൂടി വിശ്വാസികളുടെ ഇടയിൽ ഉണ്ടാവണം അതില്ലാത്തടത്തോളം ഇത് കുറേ അവിശ്വാസികളുടെയും ഫെമിനിസ്റ്റുകളുടേയും പിടിവാശി മാത്രമാകും.

Advertisements

Comments are closed.

WordPress.com.

Up ↑

%d bloggers like this: